പ്രശ്നങ്ങൾ തീരാതെ മലയാളസിനിമയുടെ താരസംഘടനയായ അമ്മ. മുൻ ഭരണസമിതി അംഗങ്ങളായ ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിവച്ചു. നേരത്തെ പൊതുയോഗത്തിൽ വച്ച് രാജി പ്രഖ്യാപിച്ചെങ്കിലും ഇരുവരും ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിരുന്നില്ല.
തങ്ങളുടെ രാജിക്കത്ത് അമ്മയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയക്കുകയായിരുന്നു. ശ്വേത രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും രാജി സന്ദേശം അയച്ചത്.
വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്മിപ്രിയ രാജി പ്രഖ്യാപനത്തിനു പിന്നാലെ ഇമെയിലിലേക്ക് രാജി സന്ദേശം അയച്ചിട്ടുണ്ട് എന്ന് ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അഡ്ഹോക് കമ്മിറ്റി യോഗത്തിന് ശേഷം രമേഷ് പിഷാരടിയും കെ.ബി ഗണേഷ് കുമാറും മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുൻ ഭരണസമിതി അംഗങ്ങൾ ആരും തന്നെ ഔദ്യോഗികമായി രാജിക്കത്ത് തന്നിട്ടില്ലെന്ന വിവരം പുറത്തുവിട്ടത്.
ഇതിനു പിന്നാലെ "താൻ ആരെയും വഞ്ചിച്ചിട്ടില്ല, 'അമ്മ'യെ അനാഥമാക്കിയിട്ടുമില്ല. തന്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല." എന്ന ഫേസ്ബുക്ക് പോസ്റ്റുമായി ശ്വേത മേനോൻ രംഗത്തെത്തിയിരുന്നു.
സംഘടനയെ തകർക്കാനും ഹൈജാക്ക് ചെയ്യാനും ചില നിക്ഷിപ്ത താല്പര്യക്കാർ ശ്രമിക്കുന്നുണ്ടെന്നും ഭാരവാഹികൾ രാജിവയ്ക്കണമെന്ന കൃത്യമായ അജണ്ടയോടെയാണ് ചിലർ ജനറൽ ബോഡി യോഗത്തിനെത്തിയതെന്നും ശ്വേത ആരോപിച്ചു.